സീറോ മലബാര്‍ സഭയില്‍ പുതിയ മെത്രാന്മാര്‍

തക്കല രൂപതാദ്ധ്യക്ഷനായിരുന്ന മാര് ജോര്ജ്ജ് ആലഞ്ചേരി സീറോ മലബാര് സഭയുടെ മേജര് ആര്ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടപ്പോള് ഒഴിവുവന്ന തക്കല രൂപതാദ്ധ്യക്ഷ പദത്തിലേയ്ക്ക് ഫാ. ജോര്ജ്ജ് രാജേന്ദ്രന് SDBയും പാലാ രൂപതയുടെ സഹായമെത്രാനായി ഫാദര് ജേക്കബ് മുരിക്കനും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഓഗസ്റ്റ് 24 വെള്ളിയാഴ്ച, ഇന്ത്യന് സമയം ഉച്ചതിരിഞ്ഞ് 3.30ന് കാക്കനാട്ടുള്ള മൌണ്ട് സെന്റ് തോമസിലെ മേജര് ആക്കി എപ്പിസ്കോപ്പല് കാര്യാലയത്തിലും ഇറ്റാലിയന് സമയം ഉച്ചക്ക് 12.00 മണിക്കും വത്തിക്കാനിലും ഈ വാര്ത്ത പരസ്യപ്പെടുത്തുകയുണ്ടായി. ഓഗസ്റ്റ് 20 മുതല് സമ്മേളിച്ചിരിക്കുന്ന സീറോ മലബാര് സഭയുടെ ഇരുപതാം സിനഡിന്റെ മൂന്നാം സെഷന് ആണ് മാര്പാപ്പയുടെ മുന് അംഗീകാരം ലഭിച്ച ലിസ്റില്നിന്നും ഈ പിതാക്കന്മാരെ തിരഞ്ഞെടുത്തത്.
തക്കല രൂപതാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഫാ. ജോര്ജ്ജ് രാജേന്ദ്രന്, തമിഴ്നാട്ടിലുള്ള തക്കല രൂപതയില് തന്നെയുള്ള പടന്താലുമ്മൂട് ഇടവകയില് തോമസ് ഓമന ദമ്പതികളുടെ മകനായി 14 ഏപ്രില് 1968ല് ജനിച്ചു. സലേഷ്യന് സഭയില് അംഗമായി ചേര്ന്ന ഫാ. ജോര്ജ്ജ് 2002ല് നിത്യവ്രതസമര്പ്പണം നടത്തുകയും 2003ല് പുരോഹിതനായി അഭിഷിക്തനാവുകും ചെയ്തു. ITI(ഇലക്ട്രോണിക്സ്), B.SC, MA, MEd. എന്നീ ഉന്നതബിരുദങ്ങള് കരസ്ഥമാക്കിയ ഫാ. ജോര്ജ്ജ് ഗുവഹത്തി ഡോണ് ബോസ്കോ സ്കൂള് അസി. ഹെഡ്മാസ്റ്ററായും മൈനര് സെമിനാരി വൈസ് റെക്ടറായും സേവനമനുഷ്ഠിച്ചതിനുശേഷം ഇപ്പോള് ഷില്ലോംഗിലെ സെന്റ് ആന്റണീസ് ഹയര് സെക്കന്ഡറി സ്കൂള് പ്രിന്സിപ്പല് ആയി ജോലി ചെയ്യുന്നു. ഇംഗ്ളീഷ്, മലയാളം, തമിഴ് ഭാഷകളില് വ്യുല്പത്തിയുള്ള ഫാ. ജോര്ജ്ജ് തന്റെ മാതൃരൂപതയായ തക്കലയിലെ രണ്ടാമത്തെ മെത്രാനായാണ് നിയമിതനാകുന്നത്. മാര് ജോര്ജ്ജ് ആലഞ്ചേരി 2011മേയ് 29ന് സീറോ മലബാര് സഭയുടെ തലവനായി അധികാരമേറ്റെടുത്തതിനുശേഷം തക്കല രൂപതയുടെ അഡ്മിനിസ്ട്രേറ്റര് ആയിരുന്നത് ഫാ. ഫിലിപ്പ് കൊടിയന്ത്രയായിരുന്നു. ഒന്നേകാല് വര്ഷത്തെ അഡ്മിനിസ്്ട്രേറ്റര് ഭരണത്തിന് വിരാമിട്ടുകൊണ്ടാണ് പുതിയ രൂപതാദ്ധ്യക്ഷന്റെ നിയമനം.
പാലാരൂപതയുടെ സഹായമെത്രാനായി നിയമിതനായിരുന്ന ഫാ. ജേക്കബ് മുരിക്കന്, വി. അല്ഫോന്സയുടെ വാസത്താല് പവിത്രമായ മുട്ടുചിറ ഇടവകയില് മുരിക്കന് ജോസഫ്അച്ചാമ്മ ദമ്പതികളുടെ മകനായി 1963 ജൂണ് 16ന് ജനിച്ചു. വടവാതൂര് സെമിനാരിയില് നിന്നും പരിശീലനം പൂര്ത്തിയാക്കിയ ഫാ. ജേക്കബ് 1993 ഡിസംബര് 27ന് പുരോഹിതനായി അഭിഷിക്തനായി. ഇക്കണോമിക്സില് MA ബിരുദം കരസ്ഥമാക്കിയിട്ടുള്ള ഫാ. മുരിക്കന് കുറവിലങ്ങാട്ട് ഫൊറോന പള്ളയില് അസിസ്റന്റായും നീലൂര് സാവിയോ ഹോം റെക്ടര് ആയും, പാലാ മൈനര്സെമിനാരി പ്രൊഫസറായും, പാലാ രൂപതയുടെ വിദ്യാഭ്യാസ ഏജന്സി സെക്രട്ടറിയായുയം ചില പള്ളികളില് വികാരിയായും സേവനമനുഷ്ഠിച്ചതിനു ശേഷം ഇപ്പോള് പാലാ രൂപത പാസ്ററല് കോഓഡിനേറ്റര് ആയി പ്രവര്ത്തിച്ചുവരുന്നു, പാലാ രൂപതയുടെ സഹായമെത്രാനായി നിയമിക്കപ്പെടുമ്പോള് TINIS(ടീനിസ്) രൂപതയുടെ സ്ഥാനികമെത്രാനായും അദ്ദേഹം അറിയപ്പെടും.
Courtesy :
http://www.syromalabarchurch.in